തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തിരിച്ചടി നേരിട്ട ആന്റണി രാജുവിന് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായതോടെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പ്രതിസന്ധിയിലായി. എന്നാൽ, വിവാദങ്ങൾക്കിടയിലും മണ്ഡലം ഏറ്റെടുക്കാൻ സിപിഎം തയ്യാറല്ല. ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ സീറ്റ് നിലനിർത്തിക്കൊണ്ട് അനുയോജ്യനായ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് ഇടത് മുന്നണി നീക്കം.
ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് മത്സരരംഗത്ത് നിന്ന് മാറിനിൽക്കേണ്ടി വരും. അദ്ദേഹത്തിന് കൂടി സ്വീകാര്യനായ ഒരു പൊതുസ്വതന്ത്രനെയോ അല്ലെങ്കിൽ പാർട്ടിയിലെ മറ്റൊരു പ്രമുഖനെയോ കണ്ടെത്താൻ ജനാധിപത്യ കേരള കോൺഗ്രസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആന്റണി രാജുവിന്റെ അയോഗ്യത മുതലെടുത്ത് തിരുവനന്തപുരം സീറ്റിനായി ജോസ് കെ. മാണി സമ്മർദ്ദം ശക്തമാക്കി. പാർട്ടിയുടെ 13-ാം സീറ്റായി തിരുവനന്തപുരം വേണമെന്നാണ് എൽഡിഎഫിലെ ആവശ്യം. സീറ്റിനായി കേരള കോൺഗ്രസ് (എം) അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും, ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിനെ പിണക്കാൻ എൽഡിഎഫ് തയ്യാറായേക്കില്ല.
