ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ കോൺഗ്രസ് നീക്കം. ഇത് സംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് രാവിലെ 11:30-ന് ചേരും. തർക്കങ്ങൾ നിലനിൽക്കുന്ന മണ്ഡലങ്ങളിലും ഒന്നിലധികം പേർ പരിഗണനയിലുള്ള ഇടങ്ങളിലും ഇന്നത്തെ യോഗത്തോടെ അന്തിമ തീരുമാനമുണ്ടാകും. യോഗത്തിന് ശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കെ. സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. കണ്ണൂർ സീറ്റിനായി സുധാകരൻ ശക്തമായ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും നേതൃത്വം വഴങ്ങിയിരുന്നില്ല. ഡൽഹിയിലെത്തിയ സുധാകരനുമായി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അനുനയ നീക്കങ്ങൾക്കിടെ സുധാകരൻ നടത്തുന്ന വാർത്താസമ്മേളനം ഏറെ നിർണ്ണായകമാണ്.
