തിരഞ്ഞെടുപ്പിനൊരുങ്ങി സണ്ണി ജോസഫ്: കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല ബെന്നി ബഹനാന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല ബെന്നി ബഹനാൻ എംപിക്ക് നൽകാൻ കോൺഗ്രസ് നേതൃത്വത്തിൽ തീരുമാനം. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ക്രമീകരണം.

പേരാവൂർ മണ്ഡലത്തിൽ മത്സരം കടുത്തതോടെ സണ്ണി ജോസഫിന് പൂർണ്ണമായും മണ്ഡലത്തിൽ കേന്ദ്രീകരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് സംസ്ഥാനതല ഏകോപനത്തിനായി പുതിയൊരാളെ നിയോഗിച്ചത്. തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായിരിക്കും ബെന്നി ബഹനാന്റെ ചുമതല. പാർട്ടി പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്യം.

അതേസമയം, കോൺഗ്രസ് ആദ്യഘട്ട പട്ടിക പുറത്തിറക്കി. 55 സ്ഥാനാർത്ഥികളടങ്ങുന്ന പട്ടികയാണ് പുറത്തു വന്നത്. ചില മണ്ഡലങ്ങളിലെ തർക്കം പരിഹരിക്കാത്തതിനാൽ അവ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കെ. സുധാകരൻ അവകാശവാദമുന്നയിച്ച കണ്ണൂർ, അടൂർ പ്രകാശ് ആവശ്യപ്പെട്ട കോന്നി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടില്ല. തൃപ്പൂണിത്തുറ, പെരുമ്പാവൂർ മണ്ഡലങ്ങളും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *