ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യയിൽ എണ്ണ പ്രതിസന്ധി രൂക്ഷമാകുന്നു. കൂടുതൽ എണ്ണ ടാങ്കറുകളെ കടത്തിവിടാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. നിലവിൽ ഒരു എൽപിജി ടാങ്കറും ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഇന്ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് 93 ശതമാനം വർദ്ധിച്ചു. ഇത് ആഭ്യന്തര വിപണിയിൽ വലിയ തിരിച്ചടിയാകുന്നു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ ഹോട്ടൽ ശൃംഖലകൾ പ്രതിസന്ധിയിലാണ്. ചെറുകിട റസ്റ്റോറന്റുകൾ പലതും ഇതിനോടകം അടച്ചുപൂട്ടി. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷമാണ് ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സത്തിന് പ്രധാന കാരണം.
കടുത്ത നിയന്ത്രണങ്ങൾക്കിടയിലും രണ്ട് ടാങ്കറുകൾ ഇന്ത്യയിലെത്തിയത് നേരിയ ആശ്വാസം പകരുന്നുണ്ട്. സൗദി അറേബ്യയിലെ റാസ് തനൂറയിൽ നിന്ന് 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലുമായി സ്മിർണി എന്ന ലൈബീരിയൻ കപ്പൽ മുംബൈയിലെത്തി. തിങ്കളാഴ്ചയോടെ ഇതിലെ എണ്ണ എച്ച്പിസിഎൽ റിഫൈനറിയിലേക്ക് മാറ്റും. മാർച്ച് 11-ന് ഷെൻലോംഗ് സൂയസ്‌മാക്‌സും മുംബൈയിലെ ജവഹർ ദ്വീപിൽ എത്തിയിരുന്നു.
