കണ്ണൂർ സിപിഐഎമ്മിൽ അസ്വസ്ഥത; മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ പാർട്ടി വിടാൻ സാധ്യത

കണ്ണൂർ: കണ്ണൂർ ജില്ലയിലെ സിപിഐഎമ്മിൽ ഗണ്യമായ അസ്വസ്ഥതയും ഭിന്നതയും ഉയർന്നിരിക്കുന്നു. മുതിർന്ന പാർട്ടി അംഗവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിടാനുള്ള നീക്കത്തിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയായി തീരുമാനിച്ച പി.കെ. ശ്യാമളയ്ക്കെതിരെ അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചതാണ് പ്രധാന കാരണമായി കാണുന്നത്.

പി.കെ. ശ്യാമള സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയാണ്. തളിപ്പറമ്പ് മണ്ഡലം എം.വി. ഗോവിന്ദന്റെ സിറ്റിങ് സീറ്റായിരുന്നു. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് നേതൃത്വത്തിന്റെ ‘കുടുംബാധിപത്യ’ നീക്കമാണെന്ന ആരോപണവും പ്രാദേശിക തലത്തിൽ ശക്തമായ എതിർപ്പുമാണ് ഉയർന്നത്. ഇതിനെതിരെ ജില്ലാ സെക്രട്ടേറിയറ്റിലും മണ്ഡലം കമ്മിറ്റികളിലും വിമർശനങ്ങൾ ഉയർന്നിരുന്നു.

നിലവിൽ ഹാൻവീവ് ചെയർമാനായ ടി.കെ. ഗോവിന്ദൻ പാർട്ടി തീരുമാനത്തോടുള്ള അതൃപ്തി മണ്ഡലം കമ്മിറ്റിയിലടക്കം പരസ്യമാക്കിയിരുന്നു. പാർട്ടി വിട്ട് സ്വതന്ത്രനായോ മറ്റൊരു പ്ലാറ്റ്ഫോമിലൂടെയോ തളിപ്പറമ്പിൽ മത്സരിക്കാനുള്ള സാധ്യതയാണ് ശക്തമായി കാണുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചനകൾ.ഈ സംഭവം കണ്ണൂർ ജില്ലയിലെ സിപിഐഎം ഘടനയിൽ കൂടുതൽ ഭിന്നതകൾക്ക് വഴിവെക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി തീരുമാനം പാർട്ടിക്കുള്ളിൽ വലിയ വിവാദമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *