തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനം പൂർണ്ണമായും വോട്ടെടുപ്പ് ആവേശത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ നിർണ്ണായക യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും. രാഷ്ട്രീയ പാർട്ടികൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും പുതിയ മാർഗനിർദേശങ്ങളെക്കുറിച്ചും യോഗം വ്യക്തത നൽകും.
വോട്ടർമാർക്കായി പുറപ്പെടുവിച്ചിട്ടുള്ള പ്രത്യേക നിർദേശങ്ങൾ യോഗത്തിൽ വിശദീകരിക്കും. ക്രമസമാധാന പാലനം ഉറപ്പാക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർ സംസ്ഥാന പോലീസ് മേധാവിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പ്രശ്‌നബാധിത മേഖലകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇതിനോടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിക്കഴിഞ്ഞു.
സംസ്ഥാനം തിരഞ്ഞെടുപ്പിന് എല്ലാവിധത്തിലും സജ്ജമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും സജീവമാണ്. സിപിഐഎമ്മും സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുന്നിലെത്തിക്കഴിഞ്ഞു. കോൺഗ്രസ്സ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. സിറ്റിംഗ് എംഎൽഎമാരും സംവരണ മണ്ഡലങ്ങളും ഉൾപ്പെടുന്ന പട്ടികയാകും ആദ്യം പുറത്തിറങ്ങുക. ഹൈക്കമാൻഡുമായുള്ള അവസാനഘട്ട ചർച്ചകൾക്കായി മുതിർന്ന നേതാക്കൾ ഡൽഹിയിലുണ്ട്.
