അമേരിക്കയ്ക്ക് ഇറാന്റെ മറുപടി; ജനങ്ങൾക്കൊപ്പം റാലിക്കിറങ്ങി പെസഷ്കിയനും സംഘവും

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കൻ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ടെഹ്റാന്റെ തെരുവുകളിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ഇറാൻ ഭരണകൂടം. റമദാനിലെ അവസാന വെള്ളിയാഴ്ച നടന്ന ഖുദ്‌സ് ദിന റാലിയിൽ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ, വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്‌ചി, സുരക്ഷാസമിതി മേധാവി അലി ലാരിജാനി എന്നിവർ നേരിട്ട് പങ്കെടുത്തു.

ഇറാൻ നേതാക്കൾ ഭയന്ന് ഭൂഗർഭ അറകളിൽ ഒളിച്ചിരിക്കുകയാണെന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. വൻ സുരക്ഷാ സന്നാഹങ്ങളില്ലാതെ ജനങ്ങളോട് സംസാരിച്ചും സെൽഫിയെടുത്തുമാണ് നേതാക്കൾ റാലിയിൽ നീങ്ങിയത്. “ഞങ്ങളുടെ നേതാക്കൾ ജനങ്ങൾക്കിടയിലുണ്ട്; നിങ്ങളുടെ നേതാക്കൾ എപ്‌സ്റ്റീൻ ദ്വീപിൽ ഒളിച്ചിരിക്കുകയാണോ?” എന്ന് അലി ലാരിജാനി പരിഹസിച്ചു.

അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം വിളിച്ചും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് റാലി നടന്നത്. ജുഡീഷ്യറി തലവൻ ഘോലം ഹുസൈൻ മൊഹ്സാനി ഇജെയ്യും മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വ്യക്തമാക്കി. ഇറാൻ നേതൃത്വം ഭയന്നോടുകയാണെന്ന വാദങ്ങൾ വെറും പ്രചാരണം മാത്രമാണെന്ന് തെളിയിക്കാനാണ് ഈ തെരുവിലിറങ്ങൽ.

Leave a Reply

Your email address will not be published. Required fields are marked *