ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമത്തിന് പരിഹാരമായി രണ്ടാമത്തെ എൽപിജി കപ്പലായ ‘നന്ദാ ദേവി’യും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ വിജയിച്ചതോടെയാണ് ഇന്ത്യൻ കപ്പലുകൾക്ക് ഈ പാതയിലൂടെ വരാൻ അനുമതി ലഭിച്ചത്. നിലവിൽ ഗൾഫ് ഓഫ് ഒമാൻ പിന്നിട്ട കപ്പലിന്, അവിടെ മുതൽ ഇന്ത്യൻ നാവികസേന നേരിട്ട് സുരക്ഷയൊരുക്കും.
40,000 മെട്രിക് ടൺ എൽപിജിയുമായി ആദ്യ കപ്പൽ ‘ശിവാലിക്’ രണ്ട് ദിവസത്തിനകം മുംബൈ തീരത്തെത്തും. ഇതിന് പിന്നാലെ നന്ദാ ദേവിയും എത്തുന്നതോടെ രാജ്യത്തെ എൽപിജി വിതരണം സാധാരണ നിലയിലാകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്. ഇതിനു പുറമെ സൗദിയിൽ നിന്നുള്ള ഒരു എണ്ണക്കപ്പലും ഇന്ന് ഇന്ത്യയിലെത്തും. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് നാവികസേനയുടെ കർശന നിരീക്ഷണത്തിലാണ് ചരക്ക് നീക്കം നടക്കുന്നത്.
