ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 84 കോടി രൂപ പ്രതിഫലം: പ്രഖ്യാപനവുമായി അമേരിക്ക

വാഷിങ്ടൺ: ഇറാൻ ഭരണകൂടത്തിലെ ഉന്നതരും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ആറ് പ്രമുഖരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പരമോന്നത നേതാവ് മുജ്തബ ഖമനയി അടക്കമുള്ളവരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ കൈമാറുന്നവർക്ക് 10 ദശലക്ഷം ഡോളർ (ഏകദേശം 84 കോടിയിലധികം രൂപ) വരെയാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് വിഭാഗമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഭീകരവാദ പ്രവർത്തനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളെ കണ്ടെത്താനാണ് ഈ നീക്കം. മുജ്തബ ഖമനയി, അലി അസ്ഗർ ഹെജാസി (ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്), അലി ലാരിജാനി (സുരക്ഷാ മേധാവി), മന്ത്രിമാരായ എസ്കാൻഡർ മൊമേനി, ഇസ്മായിൽ ഖത്തീബ് തുടങ്ങിയ പ്രമുഖ നേതാക്കളെ കണ്ടെത്തുന്നവർക്കാണ് ഇനാം പ്രഖ്യാപിച്ചത്.

ഓരോ വ്യക്തിയെയും സംബന്ധിച്ച നിർണായക വിവരങ്ങൾക്ക് 10 ദശലക്ഷം ഡോളർ വരെ ലഭിക്കാം. അയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന മുജ്തബ ഖമനയിയെ ലക്ഷ്യമിടുന്നതിലൂടെ ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ നേരിട്ടുള്ള സമ്മർദ്ദം ചെലുത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. മുൻപ് ഇറാൻ നടത്തിയ സൈബർ ആക്രമണങ്ങളിലും ഗൂഢാലോചനകളിലും ഇവർക്ക് പങ്കുണ്ടെന്നാണ് അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *