ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെ ചരക്ക് ഗതാഗത തടസ്സം മൂലം രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, വിതരണം തടസ്സമില്ലാതെ നിലനിർത്താൻ കേന്ദ്ര സർക്കാർ ബദൽ തന്ത്രങ്ങൾ സ്വീകരിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണത്തിൽ വൻ കുറവ് വന്നതോടെ, അമേരിക്ക, റഷ്യ, നോർവേ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എൽപിജി ഇറക്കുമതി ഗണ്യമായി വർധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യയ്ക്ക് ആവശ്യമായ പാചകവാതകത്തിന്റെ ഏകദേശം 60-65% ഇതുവരെ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്ലഭിച്ചിരുന്നത്.
എന്നാൽ, നിലവിലെ ഭൗമ-രാഷ്ട്രീയ പ്രതിസന്ധി കണക്കിലെടുത്ത് ഇറക്കുമതി ഉറവിടങ്ങളിൽ വലിയ വൈവിധ്യവൽക്കരണമാണ് സർക്കാർ നടപ്പാക്കുന്നത്.ഗാർഹിക ഉപയോഗത്തിന് എൽപിജി ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഒരു മാസത്തേക്ക് ഇതര ഇന്ധനങ്ങൾ (മണ്ണെണ്ണ, കൽക്കരി, ബയോഗ്യാസ് തുടങ്ങിയവ) ഉപയോഗിക്കാൻ അനുമതി നൽകി. മലിനീകരണ നിയന്ത്രണ ബോർഡുകൾ വഴി ഇത്തരം ഇന്ധനങ്ങൾക്ക് അനുമതി നൽകാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം 20% മാത്രമായി പരിമിതപ്പെടുത്തി, ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നു. റിഫൈനറികളോട് ഉത്പാദനം വർധിപ്പിക്കാനും ഗാർഹിക വിതരണത്തിന് മുൻഗണന നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെ തുടർന്നാണ് ഉടലെടുത്തത്, ഇത് ചരക്കുനീക്കത്തെ തടസ്സപ്പെടുത്തി. ഇത് മറികടക്കാൻ ‘നോൺ-ഹോർമുസ്’ പാതകളിലൂടെയുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 70% വരെ ഉയർത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം എൽപിജി ഇറക്കുമതി വൈവിധ്യവൽക്കരണവും ത്വരിതപ്പെടുത്തി, അമേരിക്കയിൽ നിന്ന് ലക്ഷക്കണക്കിന് ടണ്ണുകൾ സ്പോട്ട് കരാറുകളിലൂടെ ഉറപ്പാക്കിയിട്ടുണ്ട്.
