പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു; കേരളത്തിന് വികസനവും മാറ്റവും ഉറപ്പാക്കുമെന്ന് ‘മോദി ഗ്യാരന്റി’

കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എൻഡിഎയുടെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് കൊച്ചിയിലെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിന് മോദിയുടെ ഗ്യാരന്റി ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ എൻഡിഎയ്ക്ക് അഞ്ച് വർഷം സേവിക്കാനുള്ള അവസരം നൽകണമെന്നും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ സഖ്യത്തിൽ നിന്ന് കേരളം മോചനം തേടുന്നുവെന്നും മോദി വ്യക്തമാക്കി. അഴിമതി മാഫിയ, ചുവപ്പുനാട മാഫിയ, ഹർത്താൽ മാഫിയ എന്നിവയെ എൻഡിഎ അധികാരത്തിലെത്തിയാൽ ഇല്ലാതാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

“ജയ് കേരളം, ജയ് വികസിത കേരളം” എന്ന മുദ്രാവാക്യവുമായാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. യുഡിഎഫും എൽഡിഎഫും രണ്ടല്ല, ഒന്നാണെന്നും വികസിത കേരളം സൃഷ്ടിക്കാൻ എൻഡിഎയ്ക്ക് മാത്രമേ കഴിയൂവെന്നും മോദി പറഞ്ഞു. കേരളത്തിന്റെ സ്വപ്നങ്ങളെയും പാരമ്പര്യത്തെയും അംഗീകരിക്കുന്നതാണ് ‘കേരളം’ എന്ന പേര്. തൃശൂരിലും തിരുവനന്തപുരത്തും ജനങ്ങൾ എൻഡിഎയെ വിശ്വസിച്ചു; ഇനി മുഴുവൻ കേരളവും അതേ വിശ്വാസം കാണിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എൽഡിഎഫ്-യുഡിഎഫ് മാറി മാറി ഭരിച്ചിട്ടും കേരളത്തിന് ആവശ്യമായ വികസനം ലഭിച്ചില്ലെന്ന് മോദി വിമർശിച്ചു. യുവാക്കളെ ഇരു മുന്നണികളും വഞ്ചിച്ചുവെന്നും കോൺഗ്രസ് യുവാക്കൾക്ക് ഇന്ത്യയുടെ ഡ്രോൺ സാങ്കേതികവിദ്യയിലെ പുരോഗതി പോലും അറിയില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *