കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്ന ദേശീയപാത 66-ലെ തലപ്പാടി – ചെങ്കള ആറുവരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും വിട്ടുനിൽക്കുന്നു. സംസ്ഥാനത്തിന് അർഹമായ പരിഗണന നൽകുന്നില്ലെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപിച്ചാണ് ബഹിഷ്കരണം.
ദേശീയപാത വികസനത്തിനായി കേരള സർക്കാർ 5580 കോടി രൂപയാണ് ചെലവാക്കിയത്. എന്നിട്ടും ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തെ അവഗണിച്ചുവെന്നാണ് പരാതി.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഔദ്യോഗികമായി ക്ഷണിക്കാത്തതിൽ സർക്കാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് അതിവേഗം ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും കേന്ദ്രം രാഷ്ട്രീയ നേട്ടത്തിനായി ചടങ്ങ് മാറ്റുന്നുവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
2021 നവംബറിൽ നിർമ്മാണം ആരംഭിച്ച ഈ പാത കാസർകോട്, കണ്ണൂർ ജില്ലകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. മംഗലാപുരം – മുഴപ്പിലങ്ങാട് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സ്ട്രെച്ച് കേരളത്തിൽ ആദ്യമായി പൂർത്തിയായ ആറുവരിപ്പാത റീച്ചുകളിൽ ഒന്നാണ്. “ഭൂമി ഏറ്റെടുക്കലിനും നിർമ്മാണത്തിനും സംസ്ഥാനം നൽകിയ സഹകരണം വിസ്മരിച്ചുകൊണ്ട് ഏകപക്ഷീയമായി നടത്തുന്ന ഉദ്ഘാടനം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നാണ്” സർക്കാർ നിലപാട്.
