കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാഷ്ട്രീയവും ഔദ്യോഗികവുമായ മൂന്ന് പ്രധാന പരിപാടികളാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനത്തിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക അദ്ദേഹം ഇന്ന് പ്രകാശനം ചെയ്യും എന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്ന പ്രധാന കാര്യം.
കലൂർ സ്റ്റേഡിയത്തിന് മുൻവശത്ത് നടക്കുന്ന റോഡ് ഷോയിൽ പതിനായിരത്തോളം പ്രവർത്തകർ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന എൻഡിഎ പൊതുസമ്മേളനത്തിൽ അരലക്ഷത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ ഇന്ന് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി മറൈൻ ഡ്രൈവ്, കലൂർ, ഹൈക്കോടതി പരിസരങ്ങളിൽ പ്രത്യേക പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
