അമ്പലപ്പുഴയിൽ രാഷ്ട്രീയ പ്രതിസന്ധി, ജി. സുധാകരൻ സ്വതന്ത്രനായേക്കും; അനുനയ നീക്കങ്ങൾ അവസാനിപ്പിച്ച് സിപിഐഎം

ആലപ്പുഴ: ആറര പതിറ്റാണ്ട് നീണ്ട പാർട്ടി ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്ന് സൂചന. സുധാകരനെ അനുനയിപ്പിക്കാൻ കഴിഞ്ഞ ആറ് ദിവസമായി സിപിഐഎം നേതൃത്വം നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടതോടെ ചർച്ചകൾ അവസാനിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. ഇതോടെ ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം പാടെ മാറുകയാണ്.

എം.എ. ബേബി, സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ നേരിട്ടെത്തി ചർച്ച നടത്തിയെങ്കിലും പാർട്ടി മെമ്പർഷിപ്പ് പുതുക്കാനില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്. നേതൃത്വത്തിൽ നിന്നുള്ള അവഗണനയാണ് അദ്ദേഹത്തെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. സുധാകരനെ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ കോൺഗ്രസ് ഉന്നതതലത്തിൽ ചർച്ചകൾ സജീവമാക്കി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ സുധാകരനെ ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം.

സുധാകരന്റെ മറുപടിക്കായി അമ്പലപ്പുഴ സീറ്റിലെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് മാറ്റിവെച്ചിരിക്കുകയാണ്. സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്ന എ.എ. ഷുക്കൂർ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ ‘സർപ്രൈസ്’ നീക്കത്തിന് വഴങ്ങി നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *