മോദി നാളെ കൊച്ചിയിൽ: റോഡ് ഷോയും മൂന്ന് പ്രധാന പരിപാടികളും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച (മാർച്ച് 11) കൊച്ചിയിലെത്തും. എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൾപ്പെടെ മൂന്ന് പ്രധാന പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. അരലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന വൻ ശക്തിപ്രകടനത്തിനാണ് ബിജെപി ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെ 11:30-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, അവിടെനിന്ന് ഹെലികോപ്റ്റർ മാർഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും. മറൈൻ ഡ്രൈവിൽ നടക്കുന്ന അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കേന്ദ്രസർക്കാർ ചടങ്ങിൽ വിവിധ വികസന പദ്ധതികളുടെ പ്രഖ്യാപനം നടത്തും.

ഉച്ചയ്ക്ക് 1:00-നും 1:30-നും ഇടയിൽ കലൂർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ വീണ്ടും മോദിയുടെ റോഡ് ഷോ അരങ്ങേറുന്നു എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ആകർഷണം. കലൂർ സ്റ്റേഡിയത്തിന് മുൻവശത്തുനിന്ന് ആരംഭിച്ച് ഔദ്യോഗിക പരിപാടിയുടെ വേദി വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. പതിനായിരത്തിലധികം പ്രവർത്തകർ റോഡ് ഷോയുടെ ഭാഗമാകും. മുൻപ് തേവരയിൽ നടന്ന റോഡ് ഷോയേക്കാൾ ഗംഭീരമായ സ്വീകരണമാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്.

റോഡ് ഷോയിൽ പങ്കെടുക്കുന്നവർക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുന്നതിനായി സ്റ്റേഡിയത്തിൽ പ്രത്യേക പന്തൽ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *