വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കം ശക്തമായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമമില്ലെന്നും യുദ്ധം ഈ ആഴ്ച അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
യുദ്ധം കാരണം ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിൽ വില കുറയുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എണ്ണവില നിയന്ത്രിക്കുന്നതിനായി ചില രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധം താൽക്കാലികമായി പിൻവലിക്കാനും അമേരിക്ക തയ്യാറായേക്കും.
ഇറാന്റെ എണ്ണശേഖരം അമേരിക്ക കൈവശപ്പെടുത്താനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞില്ല. ഇക്കാര്യത്തിൽ ഇപ്പോൾ ചർച്ചകൾക്ക് സമയമായിട്ടില്ലെങ്കിലും പലരും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ വെനസ്വേലയിൽ നിന്ന് അമേരിക്കയ്ക്ക് എണ്ണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ എണ്ണ ടാങ്കറുകൾക്ക് യുഎസ് സൈന്യം അകമ്പടി സേവിക്കും. സാഹചര്യം മെച്ചപ്പെടുന്നത് വരെ എണ്ണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നും ഡോറലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ തീരുമാനമാണെന്ന് ട്രംപ് വിമർശിച്ചു. ഇറാനെതിരായ സൈനിക നീക്കം ഒരു ഹ്രസ്വകാല നടപടി മാത്രമാണെന്ന് റിപ്പബ്ലിക്കൻ സമ്മേളനത്തിലും അദ്ദേഹം ആവർത്തിച്ചു.
