കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാൻ കപ്പലായ ‘ഐആർഐഎസ് ലാവന്റെ’ ദൃശ്യങ്ങൾ സുരക്ഷാമേഖല ലംഘിച്ച് പകർത്തിയ മാധ്യമപ്രവർത്തകരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറ പേഴ്സൺ മണി എന്നിവരെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി തീരത്ത് അതീവ സുരക്ഷാമേഖലയിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താനായി ഇവർ സ്പീഡ് ബോട്ടിലാണ് എത്തിയത്. കപ്പലിന് തൊട്ടടുത്തെത്തി ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.
സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചതിനെത്തുടർന്ന് കൊച്ചിയിലെ സിഐഎസ്എഫ് സംഘമാണ് ഇവരെ ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. മാധ്യമപ്രവർത്തകർക്കും ഇവർ സഞ്ചരിച്ച ബോട്ട് ഓടിച്ച വ്യക്തിക്കുമെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കർശന നടപടികളുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
കൊച്ചി തീരത്തുള്ള ഇറാൻ കപ്പലിന്റെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നത് കുറ്റകരമാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ ആരെങ്കിലും ഇത്തരം ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കം ചെയ്യണം. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം.
