കൊച്ചി: അങ്കമാലിയിൽ ബികോം വിദ്യാർത്ഥിനി ജാസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും ഡോക്ടർ സിറിയക് ജോർജ് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്നുകളഞ്ഞതെന്നും ആലുവ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ പിടികൂടാൻ പോലീസ് കൃത്യമായ പരിശോധനകൾ നടത്തിയിരുന്നു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും സമയബന്ധിതമായി പാലിക്കപ്പെട്ടു.
അപകടത്തിന് പിന്നാലെ പ്രതി മനഃപൂർവം പോലീസിനെ വെട്ടിച്ച് ഒളിവിൽ പോകുകയായിരുന്നു. ഇതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായിട്ടില്ല. പോലീസിനെതിരെ ജാസ്ലിയയുടെ കുടുംബം പരാതി ഉന്നയിച്ചതിനെത്തുടർന്ന് റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ് ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ അന്വേഷണം ഊർജ്ജിതമാക്കുകയും വാഗമണ്ണിൽ നിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ മാസം 28-നാണ് സിറിയക് ഓടിച്ച കാറിടിച്ച് ബിരുദ വിദ്യാർത്ഥിനിയായ ജാസ്ലിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തൊട്ടടുത്ത ദിവസം ചികിത്സയിലിരിക്കെ ജാസ്ലിയ മരിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സിറിയകിനെതിരെ പോലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ച് കുടുംബവും സുഹൃത്തുക്കളും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ജാസ്ലിയയുടെ കുടുംബം ആവശ്യപ്പെട്ടു.
