മദ്യത്തിന് പേരിടാൻ പൊതുജനങ്ങളെ വിളിച്ചിട്ടില്ല; ‘മിന്നൽ മാജിക്’ സർക്കാർ തീരുമാനമെന്ന് വിശദീകരണം

തിരുവനന്തപുരം: പാലക്കാട് മലബാർ ഡിസ്റ്റിലറീസിൽ പുതുതായി ഉൽപ്പാദനം ആരംഭിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിയെന്ന വാർത്തകൾ സർക്കാർ തള്ളി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ മദ്യത്തെ മഹത്വവൽക്കരിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് നികുതി വകുപ്പ് അണ്ടർ സെക്രട്ടറി വ്യക്തമാക്കി.

മദ്യ ബ്രാൻഡുകളുടെ പേരും ലോഗോയും നിശ്ചയിക്കുന്നത് 1995-ലെ നിയമപ്രകാരമുള്ള ഔദ്യോഗിക നടപടിക്രമമാണ്. ഇതിൽ പൊതുജന പങ്കാളിത്തത്തിന് സ്ഥാനമില്ല. പേര് നൽകാൻ മത്സരം നടത്താനോ സമ്മാനങ്ങൾ നൽകാനോ കമ്പനി തീരുമാനിച്ചിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ റിപ്പോർട്ട് നൽകി. മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാപരമല്ലെന്ന് സർക്കാർ അറിയിച്ചു. ആദ്യം ‘മലബാർ മിസ്റ്ററി’ എന്ന പേര് ആലോചിച്ചിരുന്നെങ്കിലും നിയമതടസ്സങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ വകുപ്പ് നേരിട്ട് ‘മിന്നൽ മാജിക്’ എന്ന പേര് നിശ്ചയിക്കുകയായിരുന്നു.

കൊല്ലം സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ എം.എം. സജീവ് കുമാർ നൽകിയ പരാതിയിലാണ് സർക്കാർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടതിനും വിപണിയിലെത്തിച്ചതിനുമെതിരെ അദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. ഫെബ്രുവരി 21-നായിരുന്നു പ്ലാന്റിന്റെ ഉദ്ഘാടനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *