ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം സഭയിൽ അവതരിപ്പിക്കുന്നതോടെ സമ്മേളനം രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുമെന്ന് ഉറപ്പായി. സ്പീക്കർ ഓം ബിർള പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവരുന്നത്. കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ജാവേദ്, മല്ലു രവി എന്നിവരാണ് പ്രമേയം അവതരിപ്പിക്കുക.
പ്രതിപക്ഷ നേതാക്കളെ സംസാരിക്കാൻ അനുവദിക്കാത്തതും വനിതാ എംപിമാർക്കെതിരെയുള്ള പരാമർശങ്ങളും സഭയിൽ ഉന്നയിക്കും. മധ്യപൂർവേഷ്യയിലെ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സഭയിൽ പ്രസ്താവന നടത്തും. കേന്ദ്രത്തിന്റെ വിദേശനയത്തിലെ മാറ്റങ്ങളും അമേരിക്കൻ വിധേയത്വവും പ്രതിപക്ഷം ആയുധമാക്കും.
സമ്മേളനത്തിന് മുന്നോടിയായി മല്ലികാർജുൻ ഖർഗയുടെ നേതൃത്വത്തിൽ ‘ഇന്ത്യ’ സഖ്യവും, പ്രധാന നേതാക്കളുടെ നേതൃത്വത്തിൽ എൻഡിഎയും പ്രത്യേകം യോഗം ചേർന്ന് തന്ത്രങ്ങൾ ആവിഷ്‌കരിക്കും.
