കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചകളിൽ അതൃപ്തി രൂക്ഷമാക്കി ആർജെഡി രംഗത്തെത്തി. ഇത്തവണ പാർട്ടിക്ക് 6 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്ന് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആർജെഡി നേതൃത്വം വ്യക്തമാക്കി. കോഴിക്കോട് നടന്ന സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിച്ച നേതാക്കൾ, എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് (2021-ൽ) സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇത്തവണ അധിക സീറ്റുകൾ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്ന് ആർജെഡി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, സിപിഎം അതു പാലിക്കുന്നില്ലെന്നാണ് ആരോപണം. ‘കോടിയേരി പറഞ്ഞ വാക്ക് പാലിക്കണം’ എന്നാവശ്യപ്പെട്ട് പാർട്ടി നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
എൽഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ നീതിപൂർവകമായ തീരുമാനമെടുക്കണമെന്നും അവർ ഊന്നിപ്പറഞ്ഞു.ആർജെഡിയുടെ ഈ നിലപാട് എൽഡിഎഫിനുള്ളിലെ സീറ്റ് ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
