കൊച്ചി/ന്യൂഡൽഹി: ഭൂട്ടാനിൽ നിന്നുള്ള വൻതോതിലുള്ള ആഡംബര വാഹനക്കടത്ത് കേസിൽ മുഖ്യസൂത്രധാരൻ വലയിലായി. പശ്ചിമ ബംഗാൾ സ്വദേശിയും വിപ്രോയിലെ സീനിയർ എഞ്ചിനീയറുമായ ബിഷ്വദ്വീപ് ദാസിനെയാണ് ഭൂട്ടാൻ അതിർത്തിയിൽ നിന്ന് പിടികൂടിയത്. ഇയാൾക്കൊപ്പം അസമിൽ നിന്ന് നാല് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് എത്തിച്ച 150-ഓളം വാഹനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വിറ്റഴിച്ചതായാണ് കണ്ടെത്തൽ.
ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ എത്തിച്ച് ഇന്ത്യയിൽ വ്യാജരേഖകൾ നിർമ്മിച്ചാണ് വിൽപന നടത്തിയിരുന്നത്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150-ഓളം വാഹനങ്ങളാണ് ഇത്തരത്തിൽ കടത്തിയത്. കേസിന്റെ ഭാഗമായി കേരളത്തിൽ നിന്ന് മാത്രം 15 ആഡംബര കാറുകൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പ്രമുഖ വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ എന്നിവരുടെ വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിലൂടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്.
ഭൂട്ടാൻ പൗരന്റെ വാഹനം ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ലെങ്കിലും, കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ നിന്ന് ഡി-രജിസ്‌ട്രേഷൻ നടത്തി എൻഒസി വാങ്ങിയാൽ മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയൂ. എന്നാൽ കടത്തിയ ഒരു വാഹനവും ഇത്തരത്തിൽ ഡി-രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അധികൃതർ കണ്ടെത്തി.
