തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം നൂറിലധികം സീറ്റുകൾ നേടി പ്രതിപക്ഷത്തിന് വിജയിക്കാൻ അനുകൂലമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടനുണ്ടാകും. ‘വിജയസാധ്യത’ മാത്രമായിരിക്കും മാനദണ്ഡം. എംപിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പ്രതിപക്ഷ നേതാവ് നയിച്ച ‘പുതുയുഗ യാത്ര’ ജനങ്ങൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സർക്കാരിനെതിരെയുള്ള ജനവികാരത്തെ ഒരുമിപ്പിക്കാൻ ഈ യാത്രയ്ക്ക് സാധിച്ചു. പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തും.
ജി. സുധാകരനുമായി കോൺഗ്രസ് ചർച്ചകൾ നടത്തിയിട്ടില്ല. അദ്ദേഹം ഇപ്പോഴും സിപിഎമ്മിൽ തന്നെയാണല്ലോ എന്ന് വേണുഗോപാൽ ചോദിച്ചു. സിപിഎമ്മിനുള്ളിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്. സാധാരണക്കാരായ പ്രവർത്തകരുടെയോ നേതാക്കളുടെയോ വികാരം ഉൾക്കൊള്ളാൻ പാർട്ടിക്ക് കഴിയുന്നില്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് ഈ സർക്കാരിനോട് കടുത്ത അമർഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
