വാഷിങ്ടൺ: ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കാൻ അമേരിക്കൻ സൈന്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. യുദ്ധ-സാങ്കേതിക കമ്പനിയായ പലാന്തിറിന്റെ ‘മാവെൻ സ്മാർട്ട് സിസ്റ്റത്തിൽ’ ഉൾച്ചേർത്തിട്ടുള്ള ക്ലോഡ് എന്ന എഐ മോഡലാണ് ഇതിനായി ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറിൽ വിക്ഷേപിച്ച 900 മിസൈലുകളുടെ കൃത്യത ഉറപ്പാക്കാൻ ഈ സംവിധാനം സഹായിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ആയുധങ്ങൾ വികസിപ്പിക്കുന്നതിനോ സൈനിക ആക്രമണങ്ങൾക്കോ തങ്ങളുടെ എഐ ഉപയോഗിക്കരുതെന്ന് ക്ലോഡിന്റെ നിർമ്മാതാക്കളായ ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു. കർശന നിബന്ധനകൾ വെക്കുന്ന ആന്ത്രോപിക്കുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പ്രസിഡന്റ് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പെട്ടെന്ന് മറ്റൊരു സംവിധാനത്തിലേക്ക് മാറുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ആറു മാസത്തേക്ക് കൂടി ഇവരുടെ സേവനം തുടരുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് അറിയിച്ചു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടാനുള്ള നീക്കങ്ങളിലും അമേരിക്ക ഈ എഐ സംവിധാനം ഉപയോഗിച്ചിരുന്നതായാണ് വിവരം.
