രാഹുല്‍ ഗാന്ധി ശിവഗിരിയില്‍: ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു

കൊല്ലം: ശ്രീ നാരായണ ഗുരുവും മഹാത്മാ ഗാന്ധിയും ശിവഗിരിയില്‍ കണ്ടുമുട്ടിയ ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികാഘോഷവും സര്‍വമത സമ്മേളനവും കൊല്ലത്ത് വിപുലമായി നടന്നു. ശിവഗിരി മഠവും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു.

രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളും മഹാത്മാ ഗാന്ധിയുടെ നിലപാടുകളും ഉയര്‍ത്തിപ്പിടിച്ചു. ഗുരുവിന്റെ തത്ത്വങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ദൈവദശകം’ കേട്ടപ്പോഴാണ് തത്ത്വചിന്തയും ഭരണഘടനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുവിന്റെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ആര്‍ക്കും കഴിയുമെങ്കിലും, അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെ നടക്കുകയാണ് യഥാര്‍ത്ഥമായി പ്രധാനമെന്ന് രാഹുല്‍ ഓര്‍മിപ്പിച്ചു. തന്റെ പോരാട്ടം ഭരണഘടന സംരക്ഷിക്കാനുള്ളതാണെന്നും ഗുരുവും ഗാന്ധിയുമാണ് തന്റെ വഴികാട്ടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയ ഗാന്ധിയുടെ സമരപാതയും അദ്ദേഹം എടുത്തുപറഞ്ഞു.

ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ രാഹുല്‍ ഗാന്ധിയുടെ ഭാരതത്തെക്കുറിച്ചുള്ള സ്വപ്നത്തിന് മംഗളം നേര്‍ന്നു. ഈ വിശിഷ്ട പരിപാടി സംഘടിപ്പിച്ചതിന് മഠാധിപതിയെയും മറ്റുള്ളവരെയും രാഹുല്‍ അഭിനന്ദിച്ചു. പരിപാടിയില്‍ രാഹുല്‍ ഗാന്ധിക്ക് ശിവഗിരി മഠത്തിലെ സ്വാമിമാര്‍ ഗുരുശില്‍പം സമ്മാനിച്ചു. അബ്ദുസമദ് സമദാനി എംപി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *