ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നിർണ്ണായക ഉത്തരവ് പുറത്തിറങ്ങി. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റെ അപ്രതീക്ഷിത രാജിയെത്തുടർന്നാണ് ഈ പുനഃസംഘടന. “ഗവർണർ ഓഫീസിലെ തന്റെ സമയം അവസാനിച്ചു” എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
ആനന്ദബോസിന്റെ രാജി ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും രാഷ്ട്രീയ സമ്മർദ്ദം അദ്ദേഹത്തിന് മേൽ ഉണ്ടായിരുന്നോ എന്ന് അവർ സംശയം പ്രകടിപ്പിച്ചു. ആർ.എൻ. രവിയെ പുതിയ ഗവർണറായി നിയമിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ അറിയിച്ചതായും മമത വ്യക്തമാക്കി.
ബിഹാർ ഗവർണർ സ്ഥാനത്തുനിന്നും ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയതായാണ് സൂചന. കേരള ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കാണ് തമിഴ്‌നാടിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ നീക്കങ്ങളെല്ലാം നടക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
