തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ കോടതി ഇന്ന് വിശദമായ വാദം കേൾക്കും.
ജാമ്യത്തിലിറങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വാട്‌സ്ആപ്പ് വഴി വിളിച്ചതായി അതിജീവിത പോലീസിൽ പരാതി നൽകിയിരുന്നു. ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ വെച്ചിരുന്ന അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനവും കോടതിയലക്ഷ്യവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആദ്യ പീഡനക്കേസിന് പിന്നാലെയാണ് ബംഗളൂരു സ്വദേശിനി രാഹുലിനെതിരെ രണ്ടാമത്തെ പരാതിയുമായി രംഗത്തെത്തിയത്. കേസിൽ അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള കർശന വ്യവസ്ഥകളോടെയാണ് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നത്.
