വാഷിങ്ടൺ/ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാൻ അൽപ്പം വൈകിപ്പോയെന്നും നിലവിൽ യുദ്ധം തുടരാനാണ് അമേരിക്ക താൽപര്യപ്പെടുന്നതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസത്തിനുള്ളിൽ ഇറാന്റെ 24 കപ്പലുകൾ നശിപ്പിച്ചു. ഇറാന്റെ വ്യോമ-നാവിക സേനകളും പ്രതിരോധ സംവിധാനങ്ങളും നിലംപരിശായതായും ട്രംപ് അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഖമേനിയുടെ മകൻ മോജ്തബ ഖമേനി ഇറാന്റെ പരമോന്നത നേതാവാകുന്നതിനെ താൻ അനുകൂലിക്കുന്നില്ല. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി പുനർനിർമ്മിക്കാൻ ഇറാനിയൻ നയതന്ത്രജ്ഞർ സഹായിക്കണം. വലിയ സാധ്യതകളുള്ള മികച്ചൊരു ഇറാനെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി രംഗത്തെത്തി. അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും വെടിനിർത്തലിനും ഇറാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് നേരിടാൻ ഇറാൻ സജ്ജമാണ്. ഇറാനിലേക്കുള്ള കടന്നുകയറ്റം അമേരിക്കയ്ക്ക് മറക്കാനാവാത്ത ഒരു ദുരനുഭവമായി മാറും.”
— അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
