ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് – ഇറാൻ ഏറ്റുമുട്ടൽ; അതീവ ജാഗ്രതയിൽ ഇന്ത്യ

ന്യൂഡൽഹി: ശ്രീലങ്കൻ തീരത്തിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന അമേരിക്കൻ അന്തർവാഹിനി തകർത്ത സംഭവത്തിൽ ഇന്ത്യ ഉന്നതതല പരിശോധന ആരംഭിച്ചു. നാവികാഭ്യാസത്തിന് ശേഷം വിശാഖപട്ടണത്ത് നിന്ന് മടങ്ങുകയായിരുന്ന ഇറാൻ കപ്പലിന് നേരെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കപ്പെടുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

സംഭവത്തിന്റെ എല്ലാ വശങ്ങളും നിരീക്ഷിച്ചു വരികയാണെന്നും കൃത്യമായ വിശകലനത്തിന് ശേഷം മാത്രമേ ഔദ്യോഗിക പ്രതികരണം ഉണ്ടാകൂ എന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇറാനെതിരെയുള്ള നീക്കത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കപ്പെട്ടോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രതിരോധ നയത്തെ ബാധിക്കുന്ന വിഷയമാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്കൻ നാവികസേന ഉപയോഗിക്കുന്നു എന്ന പ്രചാരണം വിദേശകാര്യ മന്ത്രാലയം കർശനമായി നിഷേധിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെത്തുടർന്ന് ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടക്കുകയാണ്. ഇതിനിടയിലുണ്ടായ കപ്പൽ ആക്രമണം മേഖലയിലെ സമാധാനത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *