പാലക്കാട്: പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് വിമത കൺവെൻഷനിൽ പങ്കെടുത്ത മുൻ എം.എൽ.എ പി.കെ. ശശി സി.പി.ഐ.എമ്മിൽ നിന്ന് പുറത്തേക്ക്. പാലക്കാട് നടന്ന ‘വിപ്ലവകാരികളുടെ കൺവെൻഷനിൽ’ പങ്കെടുത്ത ശശി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനും പ്രാദേശിക നേതൃത്വത്തിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
മഹാരഥന്മാർ ഇരുന്ന കസേരകളിൽ ഇപ്പോൾ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരാണെന്ന് ശശി ആരോപിച്ചു. ഏഴ് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉടൻ തന്നെ തങ്ങളുടെ കൂട്ടായ്മയുടെ ഭാഗമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് വിമതരുടെ കൂട്ടായ്മയല്ല, മറിച്ച് വിപ്ലവകാരികളുടേതാണെന്നും പാർട്ടി തെറ്റുകൾ തിരുത്താൻ തയ്യാറായാൽ നാളെയും ചെങ്കൊടി പിടിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും ശശി വ്യക്തമാക്കി.
പാർട്ടി അംഗത്വത്തിൽ തുടരുമ്പോഴേക്കും സമാന്തര കൺവെൻഷൻ സംഘടിപ്പിക്കുകയും അതിന്റെ ഉദ്ഘാടകനായി മാറുകയും ചെയ്തത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് സി.പി.ഐ.എം നേതൃത്വം കണക്കാക്കുന്നത്. പി.കെ. ശശിക്കെതിരെയുള്ള കടുത്ത നടപടികൾ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
