മുടി മുറിച്ചത് കൂടിപ്പോയി; മോശം ‘ഹെയർ കട്ടിന്’ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: ആവശ്യപ്പെട്ടതിലും അധികം മുടി മുറിച്ച ബ്യൂട്ടി സലൂണിനെതിരെയുള്ള എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിന് സുപ്രീം കോടതിയിൽ അന്ത്യം. 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട പരാതിക്കാരിക്ക് 25 ലക്ഷം രൂപ നൽകാനാണ് കോടതി വിധി പ്രസ്താവിച്ചത്. 2018 ഏപ്രിൽ 12-ന് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ബ്യൂട്ടി സലൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താൻ ആവശ്യപ്പെട്ടതിലും അധികം മുടി മുറിച്ചുകളഞ്ഞത് തന്റെ ആത്മവിശ്വാസത്തെയും കരിയറിനെയും ബാധിച്ചുവെന്ന് യുവതി പരാതിപ്പെട്ടു.

കൽക്കട്ട ഐ.ഐ.എമ്മിൽ നിന്ന് മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും നേടിയ പ്രൊഫഷണലാണ് പരാതിക്കാരി. സേവനത്തിൽ വീഴ്ച വരുത്തിയ സലൂണിന് 2 കോടി രൂപ പിഴ ചുമത്തിക്കൊണ്ട് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. ഹോട്ടൽ മാനേജ്‌മെന്റ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. കോടതി കേസ് പുനഃപരിശോധിക്കാൻ കമ്മീഷനോട് നിർദ്ദേശിച്ചു. പുനഃപരിശോധന വേളയിൽ പരാതിക്കാരി തന്റെ ക്ലെയിം 5.2 കോടി രൂപയായി ഉയർത്തി. എന്നാൽ കമ്മീഷൻ പഴയ വിധി (2 കോടി) തന്നെ ശരിവെച്ചു.

ഹോട്ടൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് നഷ്ടപരിഹാരത്തുക 25 ലക്ഷമായി കുറച്ച് അന്തിമ വിധി വന്നത്. സേവനത്തിൽ വീഴ്ചയുണ്ടായെന്നത് വാസ്തവമാണെങ്കിലും, കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെടാൻ തക്കതായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് സാധിച്ചില്ല എന്ന് വ്യക്തമാക്കിയാണ് കോടതി തുക കുറച്ചത്. അശ്രദ്ധമായ ഹെയർകട്ട് യുവതിയുടെ കരിയറിനെ ബാധിച്ചുവെന്ന വാദം ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി 25 ലക്ഷം രൂപ എന്ന തുക നിശ്ചയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *