ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വേഗത കൂട്ടി കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. അസമിൽ 42 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധേയമായത് പിസിസി അധ്യക്ഷനും എംപിയുമായ ഗൗരവ് ഗോഗോയിയുടെ സ്ഥാനാർത്ഥിത്വമാണ്. ജോർഹട്ട് മണ്ഡലത്തിലാണ് അദ്ദേഹം ജനവിധി തേടുന്നത്. അസമിലെ പൊട്ടിത്തെറികൾ പരിഹരിക്കാൻ ശക്തനായ നേതാവ് തന്നെ വേണമെന്ന വിലയിരുത്തലിലാണ് ഗോഗോയിയെ ഇറക്കിയത്. ഇതോടെ കേരളത്തിലെ സിറ്റിംഗ് എംപിമാരിലും സമാനമായ പ്രതീക്ഷകൾ ഉയർന്നിട്ടുണ്ട്.
ഹൈക്കമാൻഡ് തീരുമാനം നിർണായകംഎംപിമാരെ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്നത് ഒഴിവാക്കാനാണ് പൊതുവേ കോൺഗ്രസ് ശ്രമിക്കുന്നത്. ലോക്‌സഭയിലെ പാർട്ടിയുടെ അംഗബലത്തെ ഇത് ബാധിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കേരളത്തിൽ നടക്കുന്ന പ്രാദേശിക യോഗങ്ങൾക്ക് ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേർന്ന് അന്തിമ പ്രഖ്യാപനം നടത്തും. അസമിന് പിന്നാലെ കേരളത്തിലെ സ്ഥാനാർത്ഥി പട്ടികയും ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
