ഇറാനിൽ മരണസംഖ്യ 1000 കടന്നു; ‘നേഷൻ ബിൽഡിംഗിന്’ താല്പര്യമില്ലെന്ന് യുഎസ്

വാഷിംഗ്ടൺ: ഇറാനിൽ ഇസ്രയേൽ-യുഎസ് സംയുക്ത സൈനിക നീക്കം ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന നൂറിലധികം വ്യോമാക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ, നിലവിലെ യുദ്ധസാഹചര്യത്തിന്റെ ഭാവി പ്രവചിക്കാനാവില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി.

24 മണിക്കൂറിനുള്ളിൽ 104 കേന്ദ്രങ്ങളിലാണ് ഇറാനിൽ ആക്രമണം നടന്നത്. ഇതിനുപുറമെ ലെബനനിലെ 60 ഹിസ്ബുള്ള കേന്ദ്രങ്ങളെയും ഇസ്രയേൽ ലക്ഷ്യമിട്ടു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം തുടരുകയാണ്. ഇറാനിൽ പുതിയ ഭരണകൂടത്തെ പ്രതിഷ്ഠിക്കാനോ രാഷ്ട്രീയ മാറ്റമുണ്ടാക്കാനോ അമേരിക്കയ്ക്ക് താല്പര്യമില്ലെന്ന് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു. ഇറാനിലെ ജനങ്ങൾ സ്വയം മാറ്റത്തിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമിതാധികാരം പ്രയോഗിക്കുന്നു എന്ന ഡെമോക്രാറ്റുകളുടെ വിമർശനത്തെത്തുടർന്ന്, യുദ്ധസമയത്തെ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള വോട്ടിംഗ് ഇന്ന് യുഎസ് കോൺഗ്രസിൽ നടക്കും. “യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോൾ പറയാനാകില്ല, എന്നാൽ ഇറാനിൽ നിന്നുള്ള ഭീഷണി നേരിട്ടേ മതിയാകൂ.” – യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിൽ ട്രംപ് കുറിച്ചു. ട്രംപിന്റെ കൃത്യമായ യുദ്ധപദ്ധതികളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് യുഎസ് കോൺഗ്രസ് അംഗങ്ങൾ പ്രതികരിക്കുന്നത്. മേഖലയിലെ സംഘർഷം ഒരു പൂർണ്ണ തോതിലുള്ള ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *