ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. നിലവിലെ എംഎൽഎ എം.എം. മണിക്ക് പകരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കമാണ് ജില്ലാ ഘടകത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
മണ്ഡലത്തിൽ വിജയമുറപ്പിക്കാൻ എം.എം. മണി തന്നെ വേണമെന്നാണ് ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ ഉറച്ച നിലപാട്. കഴിഞ്ഞ തവണ 38,000-ത്തിന് മുകളിൽ വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം നേടിയത് മണിയുടെ ജനകീയത കൊണ്ടാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥി പട്ടികയിൽ എം.എം. മണിയുടെ പേര് മാത്രമാണ് ജില്ലാ നേതൃത്വം നിർദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ ചില വെല്ലുവിളികളുണ്ട്. ഇത് മറികടക്കാൻ ശക്തനായ സ്ഥാനാർത്ഥി തന്നെ വേണമെന്നും അല്ലാത്തപക്ഷം കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ജില്ലാ നേതൃത്വം മുന്നറിയിപ്പ് നൽകുന്നു. രണ്ട് ടേം പൂർത്തിയാക്കിയവർ മാറിനിൽക്കണമെന്ന പൊതു മാനദണ്ഡത്തിന് പുറമെ, എം.എം. മണിയുടെ വിവാദ പ്രസംഗങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുമോ എന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ട്. അതുകൊണ്ടാണ് പരിചയസമ്പന്നനായ കെ.കെ. ജയചന്ദ്രനെ പരിഗണിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.
