മോജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്; അലി ഖമനയിക്ക് മഷ്ഹദിൽ അന്ത്യവിശ്രമം

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമിയായി മകൻ മോജ്തബ ഖമനയിയെ തിരഞ്ഞെടുത്തു. രാജ്യത്തെ നിർണ്ണായക സമിതിയായ അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് ആണ് ഈ തീരുമാനമെടുത്തതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. അലി ഖമനയിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിൽ സംസ്കരിക്കും. സംസ്കാര ചടങ്ങുകളുടെ തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

88 അംഗങ്ങൾ അടങ്ങുന്ന സമിതി രഹസ്യമായാണ് പുതിയ നേതാവിനെ നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് നടപടികൾക്കിടെ ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി കെട്ടിടങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 1989 മുതൽ ഇറാന്റെ അമരത്തായിരുന്ന അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് 56-കാരനായ മോജ്തബ. ഇറാന്റെ ഭരണഘടനയനുസരിച്ച് സൈന്യം, ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിവയുടെ പൂർണ്ണ നിയന്ത്രണം പരമോന്നത നേതാവിനാണ്. റുഹുള്ള ഖൊമേനിക്കും അലി ഖമനയിക്കും ശേഷം ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് മോജ്തബ.

അധികാരമാറ്റത്തിന് പിന്നാലെ ഇറാൻ-അമേരിക്കൻ ബന്ധത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മോജ്തബയുടെ മുൻകാല സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അമേരിക്ക ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, പുതിയ നേതൃത്വത്തിന് കീഴിൽ ഇറാന്റെ വിദേശനയങ്ങളിൽ അയവ് വരുമെന്ന് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *