ന്യൂഡൽഹി: മധ്യപൂർവേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതോടെ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയിൽ നിർണ്ണായക മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെട്ട സാഹചര്യത്തിലാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ ആലോചിക്കുന്നത്.
രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികളും സർക്കാർ ഉദ്യോഗസ്ഥരും അടിയന്തര യോഗം ചേർന്നു. യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി കുറച്ചിരുന്ന റഷ്യൻ എണ്ണ ഇറക്കുമതി വീണ്ടും പഴയപടി ഉയർത്തുന്നത് പരിഗണനയിലാണ്. ഇറക്കുമതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നയതന്ത്രതലത്തിൽ ആശയവിനിമയം നടത്താൻ യോഗം നിർദ്ദേശിച്ചു. പ്രതിസന്ധി നീണ്ടുപോയാൽ ഇന്ധന കയറ്റുമതി നിയന്ത്രിക്കാനും, ആഭ്യന്തര വിപണിയിൽ ഗാർഹിക വാതകത്തിനും പൈപ്പ് വഴി വിതരണം ചെയ്യുന്ന വാതകത്തിനും മുൻഗണന നൽകാനും തീരുമാനിച്ചു.
രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ സ്വകാര്യ എണ്ണക്കമ്പനികളിൽ സമ്മർദ്ദം ചെലുത്തും. നിലവിൽ രാജ്യത്ത് രണ്ടാഴ്ചത്തേക്കുള്ള എണ്ണ ശേഖരം ഉണ്ടെന്ന് യോഗം വിലയിരുത്തി. എങ്കിലും ഹോർമുസ് കടലിടുക്കിലെ ഉപരോധം നീണ്ടുനിന്നാൽ അത് ആഗോളതലത്തിൽ തന്നെ എണ്ണവില കുതിച്ചുയരാൻ കാരണമാകും. ഇസ്രായേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചത്. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ ഒരു എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണവും നടന്നിരുന്നു.
