തിരുവനന്തപുരം: ഭക്തിനിർഭരമായ കാത്തിരിപ്പിന് വിരാമമിട്ട് അനന്തപുരി ഇന്ന് പൊങ്കാലക്കലങ്ങളാൽ നിറയും. ലോകത്തെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. പുലർച്ചെ മുതൽ തന്നെ ലക്ഷക്കണക്കിന് ഭക്തർ നഗരത്തിന്റെ മുക്കിലും മൂലയിലും പൊങ്കാല അടുപ്പുകൾ നിരത്തിക്കഴിഞ്ഞു.
രാവിലെ 09:15ന് ശുദ്ധപുണ്യാഹ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി ശ്രീകോവിലിൽ നിന്ന് പകരുന്ന ദീപം പണ്ടാര അടുപ്പിലേക്ക് ജ്വലിപ്പിക്കുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. 02:15 ഓടെ ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം നടക്കും. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്
സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തികിന്റെ നേതൃത്വത്തിൽ 4000 പൊലീസുകാരെ വിന്യസിച്ചു. നഗരത്തെ 4 സോണുകളായും 29 സെക്ടറുകളായും തിരിച്ച് കൺട്രോൾ റൂമുകൾ വഴി നിരീക്ഷിക്കുന്നു. ഗതാഗത നിയന്ത്രണം പൂർണ്ണമാണ്. ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊങ്കാലയ്ക്ക് ശേഷം ഭക്തർക്ക് സുരക്ഷിതമായി മടങ്ങുന്നതിനായി റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. നാഗർകോവിൽ, കൊല്ലം, കോട്ടയം ഭാഗങ്ങളിലേക്ക് തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് കൂടുതൽ സർവീസുകൾ ഉണ്ടാകും.
