ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അഫ്ഗാൻ താലിബാന്റെ വൻ വ്യോമാക്രമണം. റാവൽപിണ്ടിയിലെ അതിപ്രധാനമായ നൂർ ഖാൻ എയർബേസ് ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് അഫ്ഗാൻ വ്യോമസേനയുടെ ഡ്രോണുകൾ നാശം വിതച്ചത്. പാകിസ്ഥാൻ മുൻപ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
പാകിസ്ഥാൻ സൈന്യത്തിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രങ്ങളെയാണ് താലിബാൻ ഇത്തവണ ലക്ഷ്യം വെച്ചത്. നൂർ ഖാൻ എയർബേസ് (റാവൽപിണ്ടി) പാകിസ്ഥാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്ന്, 12-ാം കോർപ്സ് ആസ്ഥാനം (ക്വറ്റ): സൈനിക ഏകോപനത്തിന് ഉപയോഗിക്കുന്ന തന്ത്രപ്രധാന കേന്ദ്രം. ഖോവിസൂ ക്യാമ്പ് (മൊഹ്മണ്ട് ഏജൻസി): ഖൈബർ പഖ്തൂൺഖ്വയിലെ പ്രധാന പ്രതിരോധ കേന്ദ്രം. ഇവിടത്തെ സൈനിക സൗകര്യങ്ങളും ആക്രമിക്കപ്പെട്ടു.
അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ കടന്നുകയറ്റങ്ങൾക്കുള്ള തിരിച്ചടിയാണ് ഇതെന്ന് താലിബാൻ വ്യക്തമാക്കുന്നു. കാബൂൾ, ബഗ്രാം തുടങ്ങിയ അഫ്ഗാൻ മേഖലകളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പകരമായാണ് തിങ്കളാഴ്ച പുലർച്ചെ ഈ ഡ്രോൺ ആക്രമണങ്ങൾ നടന്നത്. അഫ്ഗാൻ വ്യോമാതിർത്തി ഇനിയും ലംഘിക്കപ്പെട്ടാൽ ഇതിലും ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൃത്യമായ ആസൂത്രണത്തോടെ പാകിസ്ഥാന്റെ കമാൻഡ് സെന്ററുകളെയും ലോജിസ്റ്റിക് കേന്ദ്രങ്ങളെയും തകർക്കാനാണ് താലിബാൻ ശ്രമിച്ചത്.
ഞായറാഴ്ച രാത്രി തുടങ്ങിയ ആക്രമണം തിങ്കളാഴ്ച രാവിലെ വരെ നീണ്ടുനിന്നു. ആക്രമണത്തിൽ പാക് സൈനിക കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് താലിബാന്റെ അവകാശവാദം. എന്നാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി പാകിസ്ഥാൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
