കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെയാണ് ഈ നീക്കം. നടപടി സ്വീകരിക്കുന്നതിനായി അഡ്വക്കറ്റ് ജനറലിന്റെ അനുമതി തേടിക്കൊണ്ട് അപേക്ഷ സമർപ്പിച്ചു.
കോടതി മുറിയിൽ അതിജീവിതയുടെ അഭിഭാഷക ഉറങ്ങാറുണ്ടെന്ന തരത്തിൽ ജഡ്ജി നടത്തിയ പരാമർശമാണ് ഇപ്പോഴത്തെ നിയമപോരാട്ടത്തിന് ആധാരം. കോടതി നടപടികൾക്കിടെ ജഡ്ജി നടത്തിയ പരാമർശം അഭിഭാഷക എന്ന നിലയിലുള്ള തന്റെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് അഡ്വ. ടി.ബി. മിനി ആരോപിക്കുന്നു. 2024 മുതലുള്ള കോടതി നടപടികളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയിൽ മാന്യമായ പെരുമാറ്റം ലഭിക്കുന്നില്ലെന്നും നീതിപൂർവമായ വിചാരണയെ ഇത്തരം നിലപാടുകൾ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോടതിയലക്ഷ്യ നിയമത്തിലെ നടപടികൾ പ്രകാരം ഒരു ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കിൽ അഡ്വക്കറ്റ് ജനറലിന്റെ അനുമതി അനിവാര്യമാണ്. നീതിപീഠത്തിലിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമാണ് ജഡ്ജി നടത്തിയത്. ഇത് കേവലം വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് കോടതിയുടെ മര്യാദകളെ സംബന്ധിച്ച വിഷയമാണെന്ന് അഡ്വ. ടി.ബി. മിനി ചൂണ്ടികാട്ടി.
