ന്യൂഡൽഹി: ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ, ഇറാനിലും ഇസ്രായേലിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നിലവിലുള്ള സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും എംബസി അറിയിച്ചു.
പൗരന്മാർ നിലവിൽ താമസിക്കുന്ന ഇടങ്ങളിൽ തന്നെ തുടരുകയും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുകയും ചെയ്യുക. പ്രാദേശിക മാധ്യമങ്ങളിലൂടെയും എംബസി സോഷ്യൽ മീഡിയ പേജുകളിലൂടെയും വരുന്ന ഔദ്യോഗിക വിവരങ്ങൾ പിന്തുടരുക.
ഇതുവരെ എംബസിയിൽ വിവരങ്ങൾ നൽകാത്തവർ അടിയന്തരമായി പേരും വിവരങ്ങളും കൈമാറണം. ഇസ്രയേലില്‍ 32,000ഉം, ഇറാനില്‍ പതിനായിരത്തോളവും ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരങ്ങള്‍.
