തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ആയ മന്ത്രി നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ പൂർണ്ണ വിശ്രമത്തിലാണ്. കഴുത്തിലെ വേദന തുടരുന്നതിനാൽ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരമുള്ള ഫോളോഅപ്പ് ചികിത്സകൾ നൽകി വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് നിലവിൽ ചികിത്സ പുരോഗമിക്കുന്നത്. മാർച്ച് 2 വരെയുള്ള മന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിലെ മന്ത്രിയുടെ വീടിന് പോലീസ് കാവൽ ശക്തമാക്കി. പ്രതിഷേധത്തിന് പിന്നാലെ കെഎസ്‌യു നേതാവ് ബിതുൽ ബാലന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായ സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
