സ്ഥാനാർഥി നിർണയം ഊർജിതമാക്കി കോൺഗ്രസ്; നേതാക്കൾ നാളെ ഡൽഹിയിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലെത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരാണ് സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായി നിർണായക ചർച്ചകൾ നടത്തുക.

ആദ്യഘട്ടത്തിൽ 35 മുതൽ 40 വരെ സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയതും സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുടെ ആരോഗ്യപ്രശ്നങ്ങളും കാരണം നേരത്തെ നിശ്ചയിച്ചിരുന്ന ചർച്ചകൾ മാറ്റിവെച്ചിരുന്നു. സ്ക്രീനിം​ഗ് കമ്മിറ്റി ചർച്ചകൾക്ക് ശേഷം കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയുടെ അംഗീകാരത്തോടെ പട്ടിക പുറത്തുവിടും.

സ്ഥാനാർഥി ചർച്ചകൾക്കായി ഡൽഹിക്ക് തിരിക്കുന്നതിന് മുൻപായി വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം നടത്തും. രാവിലെ പത്തനാപുരത്ത് നിന്ന് യാത്ര ആരംഭിക്കും. പര്യടനത്തിന് മുന്നോടിയായി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തും. ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും. തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് വെച്ച് നടക്കുന്ന സമ്മേളനത്തോടെ പര്യടനം അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *