ന്യൂഡൽഹി: സഭാ തർക്കങ്ങളിൽ ശാശ്വത പരിഹാരം തേടി യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിഘടിച്ചു നിൽക്കുന്ന സഭകൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമാധാനപരമായ ചർച്ചകളിലൂടെയും കോടതിക്ക് പുറത്തുള്ള സമവായത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകേണ്ടതെന്ന് നിർദ്ദേശിച്ചു.
സഭാ ഐക്യം സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.സഭകൾ തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചു.
സമാധാനത്തിനും സഭാ ഐക്യത്തിനുമുള്ള എല്ലാ നീക്കങ്ങളെയും സഭ സ്വാഗതം ചെയ്യുന്നതായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വ്യക്തമാക്കി.സഭാ തർക്കത്തിന് പുറമെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാർ നേരിടുന്ന വെല്ലുവിളികളും സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.അർഹരായവർക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.വിശ്വാസികളുടെ ആശങ്കകൾ പരിഹരിക്കാനും ക്രൈസ്തവ സഭകൾക്കിടയിൽ ഐക്യം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
