തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയിൽ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. കേസിൽ തർക്കം എഴുതി സമർപ്പിക്കാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്), ഹർജി മാർച്ച് 6-ലേക്ക് മാറ്റി.
ബലാത്സംഗക്കേസ് ആയതിനാൽ ഇരയുടെ വിവരങ്ങൾ അടങ്ങിയ രേഖകളുടെ രഹസ്യസ്വഭാവം പ്രതിഭാഗം കർശനമായി പാലിക്കണമെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ നൽകിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥ രാഹുൽ ലംഘിച്ചു എന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം.
ബെംഗളൂരു സ്വദേശിനിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷൻ. എന്നാൽ വിശദമായ വാദത്തിനായി കേസ് മാർച്ച് ആദ്യവാരത്തിലേക്ക് നീട്ടിയിരിക്കുകയാണ്.
