ഡല്‍ഹി മദ്യനയക്കേസ്: കെജരിവാളിനും സിസോദിയയ്ക്കും വൻ ആശ്വാസം; എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി​

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുലച്ച മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കോടതിയുടെ ക്ലീൻ ചിറ്റ്. കെജരിവാളും സിസോദിയയും ഉൾപ്പെടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 പേരെയും ഡൽഹി റോസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.​

ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് സിബിഐ സമർപ്പിച്ചതെങ്കിലും, പ്രതികൾക്കെതിരെ വിശ്വസനീയമായ ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചില്ലെന്ന് സ്പെഷ്യൽ ജഡ്ജി ജിതേന്ദ്ര സിങ് വ്യക്തമാക്കി. കേസിലെ അന്വേഷണ രീതിയെ കോടതി രൂക്ഷമായി വിമർശിച്ചു. സാക്ഷിമൊഴികളോ മറ്റു ഭൗതിക തെളിവുകളോ കുറ്റപത്രത്തിലെ ആരോപണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കോടതി കണ്ടെത്തി.​

അന്വേഷണത്തിൽ വലിയ പോരായ്മകൾ സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.​”കൃത്യമായ തെളിവുകളില്ലാതെ വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പ്രതിയായി നിലനിർത്താനാവില്ല. സമർപ്പിക്കപ്പെട്ട രേഖകളിൽ പലതും പരസ്പരവിരുദ്ധമാണ്.” – കോടതി നിരീക്ഷണം. 2021-22 കാലയളവിലെ ഡൽഹി മദ്യനയ രൂപീകരണത്തിൽ ക്രമക്കേട് നടന്നുവെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതി ഉണ്ടായെന്നും ആരോപിച്ചാണ് സിബിഐ കേസെടുത്തത്. ഇതിന്റെ തുടർച്ചയായി ഇ.ഡി കേസും രജിസ്റ്റർ ചെയ്തിരുന്നു. മാസങ്ങളോളം നീണ്ട ജയിൽവാസത്തിന് ശേഷമാണ് എഎപി നേതാക്കൾക്ക് ഈ നിർണ്ണായക വിധിയിലൂടെ വലിയ രാഷ്ട്രീയ വിജയം ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *