തിരുവനന്തപുരം: സംസ്ഥാനത്തെ ഡാറ്റാ ചോർച്ചാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ പദ്ധതികളിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് സ്ത്രീകളുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് സ്വകാര്യ ഏജൻസികൾക്ക് ചോർത്തി നൽകിയെന്ന് അദ്ദേഹം ആരോപിച്ചു.
‘സ്ത്രീ സുരക്ഷാ’ പദ്ധതിയിൽ അംഗങ്ങളായ, 35 വയസ്സിന് മുകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് ചോർത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ശ്രീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് അയച്ച കത്തുകൾ ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ച രണ്ട് കത്തുകളാണ് പ്രധാന തെളിവായി അദ്ദേഹം ഉയർത്തിക്കാട്ടിയത്. “മുഖ്യമന്ത്രി നേരിട്ട് ഒരു കോടിയിലേറെ പേരുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ചു. സാധാരണക്കാരായ സ്ത്രീകളുടെ അടക്കം വ്യക്തിവിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിറ്റുതുലയ്ക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് പ്രവർത്തിച്ചത്.” എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ശേഖരിച്ച വിവരങ്ങൾ ജനങ്ങളുടെ അനുമതിയില്ലാതെ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയെന്നും ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്നുമാണ് ആരോപണം. യാതൊരു മുൻകരുതലുമില്ലാതെ വിവരങ്ങൾ കൈമാറിയത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സ്വകാര്യ ഏജൻസികൾ ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
