കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി താൻ രണ്ട് പവൻ സ്വർണം സംഭാവനയായി നൽകിയെന്ന് നടൻ മോഹൻലാലിന്റെ മൊഴി. കേസിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. മോഹൻലാലിനൊപ്പം നടൻ ദിലീപിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ഒരു പ്രമുഖ ജ്വല്ലറിയിൽ നിന്ന് വാങ്ങിയ സ്വർണം സുഹൃത്ത് വഴിയാണ് ശബരിമലയിൽ എത്തിച്ചതെന്ന് മോഹൻലാൽ വ്യക്തമാക്കി. സുരേഷ് ഗോപി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഈ സ്വർണം നൽകിയതെന്നും താരം മൊഴിയിൽ കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ നിർദ്ദേശപ്രകാരം ദിലീപ് ഉൾപ്പെടെയുള്ള മറ്റ് താരങ്ങളും സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ ദിലീപ് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ നിലവിൽ പുറത്തുവന്നിട്ടില്ല. ഓരോരുത്തരും നൽകിയ സ്വർണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വിജിലൻസ് അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂ.
കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ആകെ 27 പേർ സ്വർണം സംഭാവന നൽകിയെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതിൽ ഏതെങ്കിലും തരത്തിലുള്ള അഴിമതിയോ സ്വർണം വകമാറ്റലോ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് ശ്രമിക്കുന്നത്. “ചില താരങ്ങളോട് സ്വർണം സംഭാവന ചെയ്യാൻ താൻ നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് പലരും സ്വർണം നൽകിയിട്ടുണ്ട്.” – സുരേഷ് ഗോപി വ്യക്തമാക്കി.
