കൊച്ചി: ‘ദി കേരള സ്റ്റോറി 2’ വിന്റെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് നിർണ്ണായകമായ ഈ വിധി പുറപ്പെടുവിക്കുന്നത്. സിനിമ മതസൗഹാർദ്ദം തകർക്കുന്നില്ലെന്നും റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. സെൻസർ നടപടികൾ പുനഃപരിശോധിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ചിത്രം മലയാളികളെ ആഗോളതലത്തിൽ അപകീർത്തിപ്പെടുത്തുന്നതാണെന്നും കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഹർജിക്കാർ വാദിച്ചു. ചിത്രം പ്രഥമദൃഷ്ട്യാ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ചാണ് 15 ദിവസത്തേക്ക് സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചത്. സിനിമയുടെ പ്രദർശനം തടഞ്ഞുകൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കേഷൻ വീണ്ടും പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു.
സിംഗിൾ ബെഞ്ചിന്റെ ഈ രണ്ട് നടപടികളെയും ചോദ്യം ചെയ്താണ് നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ ബാധിക്കുന്ന വിഷയമായതിനാൽ ഇന്നത്തെ വിധി ഏറെ പ്രാധാന്യത്തോടെയാണ് സിനിമാ ലോകവും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.
