നിയമസഭയിലേക്ക് 11 സീറ്റുകൾ വേണം; ഉറച്ചുനിൽക്കാൻ യൂത്ത് കോൺഗ്രസ്, പട്ടിക വെട്ടിച്ചുരുക്കി നേതൃത്വം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നീക്കം. 11 സീറ്റുകൾ ആവശ്യപ്പെട്ട് 12 പേരുടെ പട്ടിക എഐസിസി ജനറൽ സെക്രട്ടറിക്ക് കൈമാറി. എന്നാൽ, പ്രായോഗിക സാഹചര്യം കണക്കിലെടുത്ത് പട്ടിക ആറിലേക്ക് ചുരുക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചു.

യൂത്ത് കോൺ​ഗ്രസ്സ് സമർ്പിച്ച പട്ടികയിൽ കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്, ആറന്മുള അബിൻ വർക്കി, ചെങ്ങന്നൂർ ബിനു ചുള്ളിയിൽ, നാദാപുരം കെ.എം. അഭിജിത്ത്, തലശ്ശേരി വി.കെ. ഷിബിന, കായംകുളം അരിത ബാബു, കൂടാതെ തളിപ്പറമ്പ് (അബ്ദുൽ റഷീദ്), പാലക്കാട് (കെ.എസ്. ജയഘോഷ്), ചേലക്കര (ശ്രീലാൽ ശ്രീധർ), ചാത്തന്നൂർ (ചൈത്ര തമ്പാൻ), പന്തളം (വിഷ്ണു സുനിൽ), ഒറ്റപ്പാലം (ഒ.കെ. ഫാറൂഖ്) എന്നീ സീറ്റുകളാണ് സംഘടന ആവശ്യപ്പെട്ടത്.

നിലവിലെ സാഹചര്യത്തിൽ കൊടുങ്ങല്ലൂർ, ആറന്മുള തുടങ്ങിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ തങ്ങളുടെ പ്രതിനിധികളെ ഇറക്കണമെന്ന നിലപാടിൽ യൂത്ത് കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. യുവജന പ്രാതിനിധ്യം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സംഘടനയുടെ വാദം. എന്നാൽ, സീറ്റ് വിഭജനത്തിലെ സങ്കീർണ്ണതകൾ കാരണം ലിസ്റ്റ് പകുതിയായി കുറയ്ക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം.”യുവത്വത്തിന് അർഹമായ പരിഗണന നൽകുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. ആറന്മുളയും കൊടുങ്ങല്ലൂരും ഉൾപ്പെടെയുള്ള സീറ്റുകളിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സംഘടന തയ്യാറാണ്” എന്ന വാദമാണ് യൂത്ത് കോൺ​ഗ്രസ്സ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *