സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; യാക്കോബായ സഭാ തലവൻ ഡൽഹിയിൽ

ന്യൂഡൽഹി: പതിറ്റാണ്ടുകളായി തുടരുന്ന പള്ളിത്തർക്കത്തിന് ശാശ്വത പരിഹാരം തേടി യാക്കോബായ സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. സഭാ തർക്കത്തിൽ ആരെയും വേദനിപ്പിക്കാത്ത രീതിയിലുള്ള നീതിപൂർവമായ പരിഹാരമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി. “സഭാ തർക്കം പരിഹരിക്കപ്പെടണം, എന്നാൽ അത് ആരെയും മുറിവേൽപ്പിച്ചുകൊണ്ടാകരുത്. നീതി നടപ്പിലാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.” – ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ വ്യക്തമാക്കി.

സഭാ തർക്കത്തിൽ കേന്ദ്ര ഇടപെടലിലൂടെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് സഭ നേതൃത്വം കരുതുന്നു. സഭാ തലവന്മാർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും, സാബു എം ജേക്കബ്ബും ചർച്ചയിൽ പങ്കാളികളാകും. ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഒരു വർഷം മുൻപേ നിശ്ചയിച്ചതാണെന്നും സഭാ നേതൃത്വം അറിയിച്ചു. മെൽബണിൽ നിന്നാണ് സഭാ തലവൻ ചർച്ചയ്ക്കായി ഡൽഹിയിലെത്തിയത്.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കിടയിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടക്കുന്നത്. ഓർത്തഡോക്സ് സഭയെയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും നിലവിൽ അവർ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നാണ് വിവരം. ഇസ്രയേൽ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രധാനമന്ത്രി, കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് സഭാ നേതാക്കൾക്ക് സമയം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *